Tuesday, March 29, 2022

കൂരിരുളിൻറെ നിറമുള്ള പാറുക്കുട്ടി




ജൂൺ - ജൂലായ് 2021  കുടുംബ സൗഹൃദം മാസികയിൽ പ്രസിദ്ധീകരിച്ചതു. 


കൂരിരുളിൻറെ  നിറമുള്ള പാറുക്കുട്ടി  

                                                                              ലാലി റഷീദ് - വലിയ പുരയിൽ 

കുറെ ഏറെ ദിവസങ്ങളായി മഫീദ ഊണ് കഴിക്കാൻ ക്ഷണിക്കുന്നു.  കൊറോണയുടെ ഭീതി മൂലം പുറത്തൊന്നും പോകാറില്ല.  വീട്ടിൽ അടങ്ങി ഒതുങ്ങിയിരിപ്പാണ്.  "  കീപ് ഡിസ്റ്റൻസ് , സ്റ്റേ സേഫ്  "  എന്നതാണല്ലോ മുദ്രാവാക്യം.  എന്നാലും നിർബ്ബന്ധിച്ചപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു.  അതിനൊരു കാരണം കൂടിയുണ്ടായിരുന്നു.  ഇളയ മകൻ സാനുവിന്റെ ഭാര്യ പ്രസവിച്ചിട്ടു ഞങ്ങൾ പോയിട്ടുണ്ടായിരുന്നില്ല. 

മഫീദ സൽക്കാര പ്രിയയാണ്.  ഇളയ മകൾ മിലിയുടെ അമ്മായിമ്മയാണ്.  ചാലിശ്ശേരിയിലാണ് താമസം.  നല്ല ആഹാരങ്ങൾ പാചകം ചെയ്യുന്നതും അത് മറ്റുള്ളവരെ സൽക്കരിച്ചു ഊട്ടുന്നതും അവര്ക്കിഷ്ട്ടമാണ്.  പോരാത്തതിന് അവർക്കു ഒരു നല്ല പാചക കാരിയെ കൂടി കൂട്ട് കിട്ടിയിട്ടുണ്ടെന്നും  പറഞ്ഞു. അനേക വര്ഷം ഗൾഫിൽ ജോലിചെയ്തു നല്ല തഴക്കവും വഴക്കവും കൈ വന്ന സ്ത്രീയാണ് പാറു കുട്ടി.    നല്ല രുചിയുള്ള ഭക്ഷണവങ്ങൾ ഉണ്ടാക്കാനും മിടുക്കിയാണ്.   അറബിക് ഡിഷുകളായ മജ്‌ബൂസും യമനികളുടെ  പ്രിയപ്പെട്ട  മന്തിയും    മഖ്‌ലൂബയും  അലീസയും ഹലീമുമെല്ലാം വിദഗ്ദമായി പാചക ചെയ്യും.  

അതിന്നു റഷീദ് ഇക്ക അതൊന്നും കഴിക്കൂലല്ലോ.. മഫീദ പറഞ്ഞു.  അത് സാരമില്ല നമ്മുടെ നാടൻ  വിഭവങ്ങൾ സാമ്പാറും അവിയലും ഉള്ളിത്തോരനും എല്ലാം വെക്കാനും പാറു കുട്ടിക്കറിയാം.  അവൾ വെക്കുന്ന കറികൾക്കെല്ലാം ഒരു പ്രത്യേക രുചിയാണ്.  പാറുകുട്ടിയെ കുറിച്ച് പറയുമ്പൊപഴെല്ലാം മഫീദാക്ക് നൂറു നാവാണ്.  എത്ര പറഞ്ഞാലും മതിയാവില്ല.   ഈ യാത്രയിൽ പാറുകുട്ടിയെ കൂടി കാണാമല്ലോ എന്നത് യാത്രക്ക് പ്രചോതനം നൽകി.  

മഫീദ പറഞ്ഞത് ശരിയാണ്.  പാറുക്കുട്ടിയുടെ കറികൾക്ക് എന്തെല്ലാമോ പ്രത്യേകതകളുണ്ട്.  സാമ്പാറിന്റ മണം കേൾക്കുമ്പോൾ   അതിലെ കായത്തിന്റെ ഒരു ഗന്ധം പുറത്ത് വരുമ്പോൾ തന്നെ വായിൽ വെള്ളമൂറും.  പിന്നെ ഉള്ളി തീയലും അവിയലും കൂടിയായപ്പോൾ ഇക്കാക്ക് ഒരു  ഓണ  സദ്യ ഉണ്ടത് പോലെയായി. 

കണ്മഷിയുടെ നിറമാണ് പാറുകുട്ടിക്കു.  കറുപ്പിനഴക് എന്ന പാട്ടിലെ പോലെ പാറുകുട്ടിയെ കാണാൻ ഒരാന ചന്തമൊക്കെയുണ്ട്.  ആനക്ക് നെറ്റിപ്പട്ട മെന്നപോലെ പാറുകുട്ടിയും കഴുത്തിലും കൈകളിലും ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ട്.  കഴുത്തിലൊരു മുല്ലമൊട്ടു മാല, അതിന്നു താഴെയായി നീളത്തിലൊരു  തൊരട് ,  കൈകളിൽ കൊള്ളി വളകൾ  എല്ലാം കൂടി ഒരു പ്രൗഢി കൂട്ടുന്നുണ്ട്. 

പത്ത് പതിനഞ്ച് വര്ഷം പാറുക്കുട്ടി സൗദിയയിൽ അറബിയുടെ വീട്ടിൽ വേലക്ക് നിൽക്കുകയായിരുന്നു.  അവിടെ നിന്നും തിരിച്ചു വന്നു സ്വരുക്കൂട്ടിയ സമ്പാദ്യവുമായി സ്വന്ത മായി ഒരു വീടും കുറച്ചു സ്ഥലവും വാങ്ങി സ്വസ്ഥമായി കഴിയുകയാണ്.  കൂടെ വൃദ്ധയായ അമ്മയുമുണ്ട്.  രണ്ടു പെണ്മക്കളാണ് പാറുകുട്ടിക്കു.   അവരുടെ വിവാഹം കഴിഞ്ഞു സുഖമായി കഴിയുന്നു.   പാറുകുട്ടിക്കു ജോലിക്കു പോകാൻ  വലിയ താല്പര്യ മൊന്നു  മില്ല.  ഇത് പോലെ അടുത്തറിയാവുന്ന വീടുകളിൽ വിശേഷ വിധിയായി ചടങ്ങളുണ്ടാവുമ്പോൾ മാത്രം പോവും.  പാചകം പാറുകുട്ടിക്കു ഒരു പാഷനാണ്.  നല്ല  നല്ല വിഭവങ്ങൾ ഒരുക്കുന്നതും അത് മറ്റുള്ളവർ കഴിക്കുന്നതും പാറുകുട്ടിയുടെ ഒരു സന്തോഷമാണ്. 

"  ഇനി സഊദിയ്ക്കൊന്നും പോകുന്നില്ലേ..?? "   ഞാൻ ചോദിച്ചു.

"  ഇല്ല ഇത്താത്താ... എനിക്ക് മതിയായി.. ഇത്രനാളും മരുഭൂമിയിൽ കിടന്നു വെയില് കൊണ്ടതല്ലേ ... !!   അത് മതി..!!!  "  പാറു കുട്ടി അത് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസ പങ്കു വെക്കുന്നത് പോലെ തോന്നി.  

സഊദിയിൽ ജിദ്ദ നഗരത്തിന് പുറത്ത് വളരെ അകലെ ഏതോ അറബി ഗ്രാമത്തിലെ വീട്ടിലേക്കു  അടിച്ചു തുടക്കാനും ക്ളീനിംഗിനുമായാണ് പാറുകുട്ടിയെ കൊണ്ട് പോയത്.  വൃദ്ധനായ അറബിക്ക് ഈത്തപ്പന തോട്ടങ്ങളും ഒട്ടകങ്ങളുടെ  ഫാമുകളുമാണ്.  മക്കൾ രണ്ടുപേരുണ്ടു  നഗരത്തിൽ വ്യാപാരം ചെയ്യുന്നു .  അവരുടെ ഭാര്യമാരും കുഞ്ഞു മക്കളുമടങ്ങുന്നതാണ് അറബിയുടെ കുടുംബം .  

"  ഞാനവിടെ ചെല്ലുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. കഷ്ട്ടിച്ചു തേങ്ങാ ചമ്മന്തിയര ക്കുവാനും കടല പുഴുക്ക് ഉണ്ടാക്കുവാനും മാത്രമറിയാം.  അറബികൾക്കുണ്ടോ തേങ്ങാ ചമ്മന്തിയും കടല പുഴുക്കും പിടിക്കുന്നു..!!     ബാക്കിയെല്ലാം അവിടെ ചെന്ന ശേഷം പഠിച്ചതാണ്.  തലശ്ശേരിയിൽ നിന്നുള്ള രണ്ടു ഇത്താത്തമാരാണ് അടുക്കളയിൽ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.  അവർ പല അറബി വീടുകളിലും നിന്ന് തഴക്കവും വഴക്കവും ലഭിച്ചിട്ടുള്ളവരാണ്.  അവരാണ് എനിക്ക് പാചകം പഠിപ്പിച്ചു തന്നത്.  ക്ളീനിങ് കഴിഞ്ഞു ഒഴിവു കിട്ടുമ്പോഴെല്ലാം ഞാൻ അടുക്കളയിലേക്കു ചെല്ലും.  അവിടെ അരിയാനും നുറുക്കാനുമെല്ലാം സഹായിക്കും കൂട്ടത്തിൽ അറബി വിഭവങ്ങളുണ്ടാക്കാനും പഠിച്ചു. .."  പാറുക്കുട്ടി അറബി വീട്ടിലെ വിശേഷങ്ങൾ  വിവരിച്ചു.

വീട്ടിലെ എല്ലാമുറികളും മജ്‌ലിസും അടിച്ചു വാരി വൃത്തിയാക്കുമ്പോഴേക്കും സമയ ഒരു പാടാവും.  പിന്നെ അടുക്കളയിൽ കയറാൻ സമയമൊന്നും കിട്ടാറില്ല .  എന്നാലും പാചകം പഠിക്കാനുള്ള താല്പര്യം മൂലം അവൾ സമയം കണ്ടെത്തുകയായിരുന്നു.   

അറബി വീട്ടിൽ എല്ലാവരും നല്ല സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.  കുട്ടികളുടെ കൂട്ടത്തിൽ മൂത്തമകൻ ഖൽഫാനായിരുന്നു പ്രശ്നക്കാരൻ.  അവൻ വീട്ടിനു പിന് പുറത്തെ വരാന്തയോട് ചേർന്ന് കുറെ പക്ഷി മൃഗാദികളെ വളർത്തിയിരുന്നു.  പലതരം പ്രാവുകളുo  വിവിധയിനം മുയലുകളും ഗിനി പിഗ്ഗുകളും ചേർന്ന ഒരു കൊച്ചു മൃഗ ശാല.  കൂട്ടത്തിൽ വർണ്ണമനോഹരമായ ഒരു പഞ്ച വർണ്ണ തത്തയായിരുന്നു എല്ലാവരുടെയും പ്രീതി പിടിച്ച് പറ്റിയത്.     ഖൽഫാൻ അവനെ സംസാരിക്കുവാൻ പഠിപ്പിച്ചിരുന്നു.  വീട്ടിൽ വരുന്ന വിരുന്നുകാരെ നോക്കി സ്വാഗതമായി " "  അഹ്‌ലൻ വസഹ്‌ലൻ  " പറയാനും അവർക്കു സലാം ചൊല്ലാനും എല്ലാം പഠിപ്പിച്ചു.   വീട്ടിലെ മൂത്ത പെൺകുട്ടിയെ നോക്കി "  സമീറാ .. "  എന്ന് നീട്ടി വിളിക്കും , എന്നിട്ടു  " ത ആല്.. സമീറ " എന്ന് കൊഞ്ചലോടെ ഉരുവിടുന്നത് കാണാൻ തന്നെ ഒരു കൗതുകമാണ്.    വീട്ടിലെ കുഞ്ഞു കുട്ടി " സബ "  മുതൽ സബയുടെ ഉമ്മ  ഫൈറൂസിനെ വരെ  അവൻ തിരിച്ചറിയും.  അവരെയെല്ലാം പേരെടുത്ത് വിളിക്കും.  

വീടും മുറികളും ശുചിയാക്കുന്നതിൽ കൂടുതൽ ജോലി കിളി കൂടുകളും മൃഗങ്ങങ്ങളുടെ കൂടുകളും വൃത്തിയാക്കുന്നതായിരുന്നു.  എത്ര വൃത്തിയാക്കി പോന്നാലും ഖൽഫാന്  തൃപ്‌തിയാവില്ല.   അവൻ ഉച്ചത്തിൽ നീട്ടി വിളിക്കും "  ബാറൂ .. യാ ബാറൂ .  ..!! "   വൃദ്ധനായ അറബിക്കും കുട്ടികൾക്ക് മെല്ലാം അവൾ " ബാറു " വാണു.   അറബികൾക്ക്  " പ "  യും " ട " യും ഉച്ചരിക്കാൻ അറിയാത്തതു കൊണ്ട്  അവരെല്ലാം   " ബാറു കുത്തി " എന്നാണു വിളിച്ചിരുന്നത്.   കൂടെല്ലാം എത്ര വൃത്തിയാക്കിയാലും ഗിനി പിഗ്ഗും മുയലുകളും പിന്നെയും എവിടെയെങ്കിലും അപ്പിയിട്ടു വെക്കും.  അത് കണ്ടാൽ മതി ഖൽഫാനു  ഹാലിളകാൻ. 

ഒരു ദിവസം ഖൽഫാന് ഹാലല്ല ശരിക്കും ഭ്രാന്ത് തന്നെയിളകി പോയി.  മതം  പൊട്ടിയ ആനയെ പോലെ അവൻ നിന്ന് ഛിന്നം വിളിച്ച്.    സംഭവം ഗുരുതരമായി.  പാറു കുട്ടി കൂട് വൃത്തിയാക്കുന്നതിനിടയിൽ അരുമയായ പഞ്ചവർണ്ണത്തത്ത പുറത്തേക്കു പറന്നു പോയി.  കൂട് തുറന്നതും സ്വാതന്ത്ര്യം കിട്ടിയ തത്ത നീല വിഹായസ്സിലേക്കു പറന്നുയർന്നു.  പാറുകുട്ടിക്കു നോക്കി നിൽക്കുവാനേ  കഴിഞ്ഞുള്ളു.  അവൾക്കു ശബ്ദമുയർത്തി ആരെയും വിളിക്കുവാൻ കൂടി കഴിഞ്ഞില്ല.  

ഖൽഫാൻ സ്‌കൂളിൽ പോയിരിക്കുകയായിരുന്നു.  അവൻ മടങ്ങിയെത്തുമ്പോൾ പഞ്ചവര്ണ തത്തയെ കണ്ടില്ലെങ്കിൽ എന്ത് സഭവിക്കുമെന്നായിരുന്നു എല്ലാവരും ഭയപ്പെട്ടത്.  അവൻ സ്‌കൂൾ വിട്ടുവരുന്നതും കാത്ത് എല്ലാവരും പഞ്ചപുച്ഛമടക്കി കാത്തിരുന്നു.  

അവൻ തിരിച്ചെത്തി.  ആകാശമൊന്നും ഇടിഞ്ഞു വീണില്ലെങ്കിലും ഒരു അഗ്നി  പർവ്വതം പൊട്ടിത്തകർന്നതു പോലെ ലാവയും  ധൂമകേതുക്കളും ചിതറിത്തെറിച്ചു .  പാറു കുട്ടി ആ വീട്ടിന്റെ ഏതു മൂലയിൽ പോയ് ഒളിച്ചു എന്ന് മാത്രം ആരും അറിഞ്ഞില്ല. 

പിറ്റേന്ന് നേരം വെളുത്ത്.  ശ്മാശാന മൂകതക്ക് ഒരു ശമനവും വന്നില്ല.  ഖൽഫാന് അങ്ങനെ നിർവികാരനായി ഇരിക്കാൻ ആവുമായിരുന്നില്ല.  അവൻ പാറുകുട്ടിക്കു തക്ക ശിക്ഷ തന്നെ നല്കുവാനുറച്ചു.  അവന്റെ വാക്കിന് ആ വീട്ടിൽ എതിർവാക്കു ഉയരുമായിരുന്നില്ല.  "  പഞ്ചവര്ണ തത്ത മടങ്ങി വരുന്നതു  വരെ കൂട് തുറന്നു വിട്ട " ബാറു  കുത്തി " വീടിൻറെ  മുറ്റത്ത് വെയിലത്ത് നിൽക്കട്ടെ.  അവൻ ആജ്ഞാപിച്ചു. 

മരുഭൂമിയിലെ കത്തി കാളുന്ന വെയിലത്ത് പാറുകുട്ടിക്കു നിൽക്കേണ്ടി വന്നു.  ഒരു ചെറു  തണലും ഇല്ലാത്ത പെരുവെയിലത്ത് എത്ര നാൾ പാറുകുട്ടിക്കു നിൽക്കേണ്ടി വരും...? .  ആർക്കും അതിനുത്തര മില്ലായിരുന്നു.  ഒന്ന് രണ്ടു ദിവസം കഴിഞ്ഞാൽ ചെറുക്കൻറെ  മനസ്സു മാറുമെന്ന് എല്ലാവരരും  കരുതി.  രണ്ടു ദിവസം കഴിഞ്ഞിട്ടും ചെറുക്കൻറെ  മനസ്സലിഞ്ഞില്ല.  കൊടും വെയിലത്ത്  നിന്ന് പാറുക്കുട്ടി തളർന്നു അവശയായി.  എന്നാൽ അവൻ സ്‌കൂളിൽ പോകുന്ന നേരത്തെങ്കിലും അവളെ മാറ്റി നിർത്തുവാൻ അറബി പെണ്ണുങ്ങൾ ഭയപ്പെട്ടു.  

അത്ഭുതമെന്നു പറയട്ടെ മൂന്നാം നാൾ പറന്നു പോയ പഞ്ചവര്ണ തത്ത പോയ പോലെ തിരിച്ചു വന്നു.  തത്ത മതിലിനു മുകളിൽ പറന്നു വന്നിരുന്നു നീട്ടി വിളിച്ചു   .. സമീറാ...... ത് ആല്  സമീറ.."  പാറു കുട്ടിക്ക് വിസ്മയം കൊണ്ട് ശബ്ദ മുയർത്താനായില്ല.  പൊരി  വെയിലത്ത് നിന്ന് എരിപൊരി കൊള്ളുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു.  എങ്ങിനെയെല്ലാമോ പ്രയാസപ്പെട്ടു അവൾ ശബ്ദം വീണ്ടെടുത്ത്  കൂവി  "  സമീറാ... സമീറ...  

ബഹളം കേട്ട് പഞ്ചവര്ണ തത്ത പറന്നു പോയേക്കുമോ എന്നവൾ ഭയപെട്ടു. ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല.   സമീറ  വന്നു കൈ ഞൊടിച്ച് വിളിച്ചനേരം  അനുസരണയുള്ള കുഞ്ഞാടിനെ  പോലെ അത് സമീറയുടെ കൈകളിൽ പറന്നിരുന്നു.   സമീറ തത്തയെ സ്നേഹത്തോടെ തലോടി കൊണ്ട് ചെന്ന്  കൂട്ടിലാക്കി സൂര്യകാന്തി പൂവിന്റെ വിത്തുകൾ കൂട്ടിലിട്ടു കൊടുത്തു.  അവൻ ഒന്നും അറിയാത്തതു പോലെ സൂര്യ കാന്തി വിത്തുകൾ ഇരുന്നു കൊറിച്ചു. 


"  ഞാനിതിലും നല്ല കളർ ഉണ്ടായിരുന്നതാ...!! പാറുക്കുട്ടി ഓർമ്മകളിൽ നിന്നും തലയുയർത്തി കൊണ്ട് പറഞ്ഞു   "  വെയിലത്ത് നിന്ന് കറുത്ത് പോയതാണ്.  അമ്മാതിരി വെയിലത്തല്ലേ  ചെറുക്കൻ നിർത്തിയത്...!!!  "    പാറു കുട്ടി കഥ പറഞ്ഞവസാനിപ്പിച്ചു. 

കൂരിരുളിന്റെ നിറമുള്ള പാറുക്കുട്ടി.